Pages

Thursday, 2 July 2020

തളരാതിരിക്കാനുള്ള കാരണങ്ങൾ

സൊസൈറ്റിയില്‍ നിന്ന് വന്ന ജപ്തി നോട്ടീസ് കണ്ടുകൊണ്ടാണ് പ്ലസ് ടു പരീക്ഷ എഴുതാന്‍ പോയത്.

വീടുപണിക്കായി ലോണെടുത്ത തുക അച്ഛന് തിരിച്ചടക്കാന്‍ സാധിക്കാതെ വന്നതാണ് ജപ്തിക്ക് കാരണമായത്. പക്ഷെ അന്ന് വീടുപണി പകുതിപോലും തീര്‍ന്നിരുന്നില്ല. എന്നാലും ലോണ്‍ തുക തിരിച്ച് നല്‍കിയില്ലെകില്‍ വീട്ടില്‍ നിന്നും ഇറങ്ങേണ്ട സാഹചര്യമായിരുന്നു.

അന്ന് എന്തിനും കൂടെയുള്ള സംഘ കാര്യകര്‍ത്താവ് ജപ്തിയില്‍ നിന്നും ഒഴിവാവാനുള്ള തുക കടമായി നല്‍കി സഹായിച്ചു.

പ്ലസ് ടുവിലെ അവസാന പരീക്ഷ മാര്‍ച്ച് 24 ന് പൂര്‍ത്തിയായി സ്‌കൂളുവിട്ട് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ആകെയൊരു ലക്ഷ്യം എങ്ങനെയെങ്കിലും ഒരു ജോലി കണ്ടെത്തണം എന്നായിരുന്നു. സ്‌കൂളില്‍ നിന്നും ട്രൈനിങ്ങിന് പോയ സ്ഥാപനത്തില്‍ ബിയോഡേറ്റ കൊടുത്തു.

17 വയസുള്ള പയ്യനെ ജോലിക്കെടുക്കാനുള്ള ധൈര്യം ആലുവയിലെ പെരിയാര്‍ TVS എന്ന സ്ഥാപനം കാണിച്ചു. അവധിക്കാലം ചിലവഴിക്കാന്‍ നില്‍ക്കാതെ പഠിച്ചിറങ്ങി നാലാം നാള്‍ മാര്‍ച്ച് 28 ന് ജോലിയില്‍ പ്രവേശിച്ചു.

അങ്ങനെ 4500 രൂപ ശമ്പളത്തില്‍ ആദ്യത്തെ ജോലി. സ്‌കൂളിലെ യൂണീഫോം പാന്റായിരുന്നു ദിവസവും ജോലിക്ക് പോകുമ്പോള്‍ ഇട്ടിരുന്നത്. ഡ്രസ്സ് വാങ്ങാന്‍ പോലും കാശില്ലായിരുന്നു അന്നൊക്കെ.

ശബളം കിട്ടിതുടങ്ങിയപ്പോള്‍ ലോണ്‍ സ്വന്തമായി അടക്കാമെന്നുള്ള ആത്മവിശ്വാസമായി. കൂട്ടത്തില്‍ ചേട്ടനും ഒരു ജോലിയായപ്പോള്‍ ആത്മവിശ്വാസം ഇരട്ടിയായി.


തിരിച്ചെടുത്ത ആധാരം പണയപ്പെടുത്തി സഹായിച്ച കാര്യകര്‍ത്താവിനോടുള്ള കടം വീട്ടി. ബാക്കി തുകക്ക് വീട്ടിലെ അത്യാവശ്യം പണികള്‍ കഴിച്ച് ചെറിയ വീട്ടില്‍ താമസം തുടങ്ങി. കിട്ടുന്ന 4500 രൂപയില്‍ 4000 രൂപ ലോണടക്കും ബാക്കി 500 രൂപ വണ്ടിക്കൂലിനല്‍കും. ലോണിലേക്ക് വേണ്ടിവരുന്ന ബാക്കിതുക ചേട്ടനടക്കും. എല്ലാമാസവും പതിനഞ്ചാം തീയതി കിട്ടുന്ന സെയില്‍സ് ഇന്‍സന്റീവാണ് ജീവിത ചെലവുകളുടെ പ്രതീക്ഷ…


അങ്ങനെ മാസങ്ങള്‍ മുന്നോട്ട് പോയി ജോലിസ്ഥലത്ത് കഴിവുകള്‍ തെളിയിക്കാനായതിനാല്‍ ശമ്പളത്തില്‍ മുറപോലെ വര്‍ധനവുണ്ടായി. എന്നിട്ടും പിടിച്ച് നിലക്കാനാവാതെ വന്നപ്പോള്‍ കുറച്ചുകൂടി മെച്ചപ്പെട്ട ജോലികള്‍ തേടി…


പഠനം തുടരണമെന്ന് ആഗ്രഹം തോന്നിയപ്പോള്‍ ഡിസ്റ്റന്റായി എം.ജി യൂണിവേഴ്‌സിറ്റിയില്‍ ബി.കോമിന് ഡിസ്റ്റന്റായി ചേര്‍ന്നു. പഠനവും ജോലിയും ഒരേസമയം മുന്നോട്ട് കൊണ്ടുപോയി.


ലോണിന് കുറവൊന്നും ഇല്ലെങ്കിലും ഇന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. വീടും ബൈക്കും കാറുമെല്ലാം സ്വപ്നം കാണാന്‍ മാത്രമല്ല വിധിച്ചിട്ടുള്ളതെന്ന് മനസിലുറപ്പിച്ചു. അധ്വാനംകൊണ്ട് സ്വന്തമാക്കാനായി പ്രയക്‌നിച്ചു. സ്വപ്നങ്ങള്‍ ഓരോന്നായി ഞാനും ചേട്ടനും സഫലീകരിച്ചു…


പ്രതീക്ഷകള്‍ അസ്തമിച്ചിടത്ത് നിന്ന് തുടങ്ങിയ ജീവിതമാണ്. നമ്മള്‍ തോറ്റുകൊടുത്താല്‍ ഓരോ മിനിറ്റിലും വലിയ പരാജയങ്ങള്‍ നമ്മള്‍ ഏറ്റുവാങ്ങേണ്ടിവരും. ജീവിതത്തോട് പോരാടാന്‍ തയ്യാറായാല്‍ ദൈവം കട്ടക്ക് കൂടെനില്‍ക്കും. നമ്മള്‍ ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ കരുത്തോടെ ചെയ്യുക. കര്‍മ്മഫലത്തില്‍ വിശ്വസിക്കുക…


പ്രയക്‌നിച്ചാല്‍ ഏത് സാഹചര്യത്തെയും നമുക്ക് തരണം ചെയ്യാന്‍ സാധിക്കും.


ജപ്തിയും ലോണും കണ്ടൊന്നും ആരും തളരരുത്. അതൊക്കെ നമ്മളെ വാശിയോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളായി കാണുക.


മരണപ്പെട്ട അമ്മയ്ക്കും സോദരിക്കും ആദരാഞ്ജലികള്‍...



No comments:

Post a Comment