2018 ലെ പ്രളയ മുന്നറിയിപ്പായി എഴുതിയ കുറിപ്പ്
പ്രളയമാണ് : സുരക്ഷിതമാണെന്ന് കരുതി ധീരത ചമഞ്ഞ് അധികൃതർ പറയുന്നത് കേൾക്കാതിരിക്കുന്നവരോട് പറയാനുള്ളത്
രാവിലെ മുതലുള്ള അനുഭവമാണ്…
സാധിക്കുന്നവർ മറ്റുള്ളവരിൽ എത്തിക്കുക.
രാവിലെ മുതൽ പ്രളയബാധിത പ്രദേശങ്ങളിൽ ഞങ്ങളാൽ ആവുന്ന സഹായവുമായി സർക്കാർ സംവിധാനങ്ങളോടൊപ്പമുണ്ട്.
പെരിയാറിന്റെ തീരത്ത് വെള്ളം കണക്കില്ലാതെയാണ് കൂടുന്നത്. ഇവിടെയെല്ലാം ഒരാൾ പൊക്കത്തിന് മുകളിൽ വെള്ളം എത്തിനിൽക്കുന്നു. ഇപ്പോഴും പലരും വീട്ടിൽ നിന്നും മാറിതാമസിക്കാൻ കൂട്ടാക്കാതെ ‘ധീരത’ ചമയുകയാണ്.
പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുമൊക്കെ ഉറക്കവുമില്ല ഭക്ഷണവുമില്ലാതെയാണ് നിങ്ങളുടെ സുരക്ഷക്കായി നെട്ടോട്ടമോടുന്നത്. പലയിടങ്ങളിലും ആർമി എത്തിയെന്ന് കേട്ടാൽത്തന്നെ വിഷയത്തിന്റെ ഗൗരവം മനസിലാക്കാവുന്നതാണ്.
ഇന്നലെ രാത്രിമുതൽ വെള്ളത്തിൽ നിന്ന് കാലുകൾ തണുത്ത് ഐസുപോലായതുകൊണ്ട് പല ഉദ്യോഗസ്ഥനമാർക്കും നടക്കാൻ പോലുമാവുന്നില്ല. അവരുടെ അദ്ധ്വാനം കുറക്കുവാനെങ്കിലും അവിടെനിന്നും മാറാൻ മനസുണ്ടാവണം.
ഇതെന്തിനാണ് ഇവിടെ പറയുന്നത് എന്നാൽ വീടിന്റെ രണ്ടാം നിലയിൽ കയറി ഫേസ് ബുക്കും നോക്കി വാർത്തയും കേട്ട് പലരും സുരക്ഷിതമാണെന്ന് കരുതി ഇരിക്കുകയാണ്. അവർ കാണാൻ വേണ്ടിയാണ് ഈ പോസ്റ്റ്. (അവരുടെ ബന്ധുക്കൾ കണ്ടാലും മതി)
വീടിന്റെ രണ്ടാം നില അത്രക്ക് സുരക്ഷിത സ്ഥാനമല്ലെന്ന് മനസിലാക്കുക. ഇനിയങ്ങോട്ട് വെള്ളം ഇറങ്ങുംവരെ കരണ്ടുണ്ടാവില്ല, ഭക്ഷണമുണ്ടാവില്ല, പുറത്തെല്ലാം മണിക്കൂറുകൾക്കുള്ളിൽ ഒന്നരയാൾ പൊക്കത്തിൽ വെള്ളം നിറയാൻ പോവുകയാണ്. പുറത്തിറങ്ങാൻ പോലും നിങ്ങൾക്കായെന്ന് വരില്ല.
നിങ്ങളെപ്പോലെ സുരക്ഷിത സ്ഥാനം നോക്കി രണ്ടാം നിലയിൽ നിങ്ങൾക്ക് കൂട്ടായി ഇഴജന്തുക്കളും രാത്രിയെത്തുമെന്ന് ഓർമിപ്പിക്കുന്നു.
ഇതുപോലെ ധീരത ചമഞ്ഞ ഒരാളുടെ ജീവൻ രക്ഷിക്കാൻ ഏതാണ്ട് ഒരു മണിക്കൂറോളാമാണ് ഫയർ ഫോഴ്സിന്റെ വിലപ്പെട്ട സമയം കൊടുക്കേണ്ടി വന്നത്.
മാറാത്തവർ മാറുക..
No comments:
Post a Comment